ശാരദാ ചിട്ടി തട്ടിപ്പ് : സിബിഐ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

കൊല്‍ക്കത്ത : ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സിബിഐ പറയുന്നത്. ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായിരുന്നു രാജീവ്. തൃണമൂല്‍ നേതാക്കള്‍ക്ക് അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ രാജീവ് നശിപ്പിച്ചതായി സിബിഐ പറയുന്നു.

നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന പൊലീസും തടഞ്ഞത് വിവാദത്തിന് വഴി വച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കല്‍ക്കത്തയില്‍ വെച്ച് മമതയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നീട് സിബിഐ സുപ്രിംകോടതയില്‍ ഹർജി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശ പ്രകാരം രാജീവ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ ആരോപണ വിധേയനായ തൃണമൂൽ എംപി കുനാൽ ഘോഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

Top