മഹാരാഷ്ട്രയില്‍ സഖ്യരൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു; പവാര്‍-സോണിയ കൂടിക്കാഴ്ച ഇന്ന്

മുംബൈ : മഹാരാഷ്ട്രയിലെ സഖ്യ രൂപീകരണത്തിന് മുന്നോടിയായി പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി വസതിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും എന്‍സിപിയും ‌കോണ്‍ഗ്രസും തമ്മില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യ രൂപീകരണത്തിന് മുന്നോടിയായി ശിവസേന പൂര്‍ണമായും എന്‍.ഡി.എ സഖ്യം വിട്ടു. പാര്‍ട്ടി എം.പിമാർ വരുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്ത് ‌ഇരിക്കും.

മുംബൈ മേയര്‍ തിരഞ്ഞെടുപ്പിലും ശിവസേനക്ക് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 22നാണ് മുംബൈ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ശിവസേനക്ക് അഞ്ച് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായതായാണ് വിവരം. പകരം എന്‍.സി.പിക്കും കോണ്‍ഗ്രസിനും രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റ് സുപ്രധാന വകുപ്പുകളും നല്‍കിയേക്കും.

Top