ജസ്റ്റിസ് ലോയയുടെ മരണം; ദുരൂഹത മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണ്, പുനരന്വേഷിക്കുമെന്ന് പവാര്‍

മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. അത്തരത്തില്‍ ഒരു ആവശ്യം ഉയരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനെ കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

‘ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത മാറ്റാനുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്, ആവശ്യം ശക്തമായാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും, വിവിധ മാധ്യമങ്ങളിലൂടെ വിഷയം വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്, ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ലോയയുടെ മരണം സംബന്ധിച്ച ദുരൂഹത മാറാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര ജനത ആഗ്രഹിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നത്, പക്ഷെ എന്താണ് സത്യം എന്ന് പരിശോധിക്കണം, ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം, ഇല്ലെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശരിയല്ല’ പവാര്‍ പറഞ്ഞു.

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സി ബി ഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്. 2014 ലെ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായത് 2017ലാണ്. സൊറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. ലോയയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു. കോണ്‍ഗ്രസും എന്‍ സി പിയും രാജ്യമാകെ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

Top