തിരക്കിട്ട ചര്‍ച്ചകള്‍; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ്-എന്‍സിപി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് കോണ്‍ഗ്രസ്-എന്‍സിപി കൂടിക്കാഴ്ച. ഇന്ന് വൈകിട്ട് അഞ്ചിനാണ് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ‘തടസ്സങ്ങള്‍’ നീക്കുന്നതിനാണ് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കളുടെ ചര്‍ച്ച.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തടസ്സങ്ങളെല്ലാം നീങ്ങി യഥാര്‍ഥ ചിത്രം തെളിയുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.അടുത്ത് ആറ് ദിവസത്തിനുള്ളില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പവാര്‍-മോദി കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും പ്രധാനമന്ത്രിയെ കാണാം. കര്‍ഷകര്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുകയാണ്, പവാര്‍ മാത്രമല്ല, ഉദ്ധവജിയും അതിനെക്കുറിച്ച് ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ധരിപ്പിക്കാനാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.ശിവസേനയെ ഒഴിവാക്കി എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച.

Top