ബിജെപിയുമായി കൈകോർക്കുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്ന് ശരദ് പവാർ

മുംബൈ : ബിജെപിയുമായി കൈകോർക്കുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്ന് എൻസിപി പ്രസിഡന്റ് ശരദ് പവാർ. മഹാരാഷ്ട്രയിൽ ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കാൻ എൻസിപി ശ്രമിച്ചിരുന്നെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വെളിപ്പെടുത്തിയതിനോടായിരുന്നു പവാറിന്റെ പ്രതികരണം.

‘‘എന്റെ പാർട്ടി പ്രവർത്തകർ ആശയക്കുഴപ്പത്തിലാണെന്നു ഞാൻ കരുതുന്നില്ല. ബിജെപിക്കൊപ്പം എൻസിപി പോകുമെന്ന ചോദ്യവുമുദിക്കുന്നില്ല. മഹാരാഷ്ട്രയിൽ ഇന്നു തിരഞ്ഞെടുപ്പ് നടന്നാൽ മഹാവികാസ് അഘാഡി സർക്കാർ രൂപീകരിക്കും. ദക്ഷിണേന്ത്യയിൽ എവിടെയും ബിജെപി സർക്കാരില്ലെന്നത് ഓർക്കണം. ഡൽഹിയിൽ എഎപി എംപി സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തതു പ്രതികാര നടപടിയാണ്. പരോക്ഷമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് എതിരെയാണത്’’– ഇന്ത്യ ടുഡെ കോൺക്ലേവിൽ ശരദ് പവാർ പറഞ്ഞു.

എൻസിപി അഴിമതി നടത്തുന്നെന്ന് ആരോപിച്ച് ‘നാച്വറലി കറപ്റ്റ് പാർട്ടി’ എന്ന് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് അജിത് പവാറിനെ ഒപ്പം ചേർത്തതെന്ന് വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ ചോദിച്ചു. മഹാരാഷ്ട്രയിൽ ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കാൻ എൻസിപി ശ്രമിച്ചിരുന്നെന്നും ഇതിനു കളമൊരുക്കാനായി രാഷ്ട്രപതി ഭരണത്തിനു ശരദ് പവാർ നിർദേശിച്ചെന്നും ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു.

Top