‘അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ല, എന്‍സിപി പിളര്‍ന്നിട്ടില്ല’; ശരത് പവാര്‍

മുംബൈ : അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും എന്‍.സി.പി. പിളര്‍ന്നിട്ടില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് ശരദ് പവാര്‍. പാര്‍ട്ടിയിൽ കുറച്ച് പേർ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പവാര്‍ വ്യക്തമാക്കി.

‘അജിത് പവാര്‍ നേതാവ് തന്നെയാണ്, അതില്‍ തര്‍ക്കമില്ല. എന്‍.സി.പി.യില്‍ പിളര്‍പ്പ് ഇല്ല. എങ്ങനെയാണ് ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പ് സംഭവിക്കുക? പാര്‍ട്ടിയില്‍നിന്ന് ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ വേര്‍പിരിയുമ്പോഴാണ് പിളര്‍പ്പുണ്ടാവുന്നത്. പക്ഷേ, എന്‍.സി.പി.യില്‍ ഇന്ന് അത്തരത്തിലൊരു സ്ഥിതിവിശേഷമില്ല. ചിലയാളുകള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിതന്നെ. പക്ഷേ, ഇതിനെ പിളര്‍പ്പ് എന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അവര്‍ക്കങ്ങനെ ചെയ്യാം-ശരദ് പവാര്‍ പറഞ്ഞു.

ശരദ് പവാര്‍ പിളര്‍പ്പിന് ശേഷം വിമത വിഭാഗവുമായി ആശയവിനിമയം പുലര്‍ത്തുന്നതില്‍ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന.

നേരത്തേ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി.യില്‍ നിന്നുള്ള ഒരു വിഭാഗം ബി.ജെ.പി.ക്കൊപ്പം പോയിരുന്നു. ഇതുപ്രകാരം അജിത് പവാറിന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി പദം നല്‍കി. എന്നാല്‍ ഇത് ഇ.ഡി.യെ വെച്ച് അന്വേഷണം നടത്തുമെന്ന് ഭയപ്പെടുത്തിക്കൊണ്ടാണ് സാധ്യമാക്കിയതെന്ന് നേരത്തേ ശരദ് പവാര്‍ ആരോപിച്ചിരുന്നു.

അടുത്തിടെ അജിത് പവാര്‍ പുണെയില്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാറിന് കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തതായും വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഈ മാസം അവസാനം മുംബൈയില്‍ നടക്കാനിരിക്കേ പവാര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയത് സഖ്യത്തില്‍ മുറുമുറുപ്പുകള്‍ക്കിടയായിക്കിയിട്ടുണ്ട്.

Top