മഹാരാഷ്ട്രയില്‍ ട്വിസ്റ്റ് തീര്‍ന്നിട്ടില്ല; അജിത് പവാറിനെ മറുകണ്ടം ചാടിച്ചത് കോണ്‍ഗ്രസ്?

ട്വിസ്റ്റുകള്‍ക്ക് പിറകെ ട്വിസ്റ്റുകള്‍ കണ്ട മഹാരാഷ്ട്രയില്‍ ഇതിന് അന്ത്യമായിട്ടില്ലെന്ന സൂചനയുമായി എന്‍സിപി മേധാവി ശരത് പവാര്‍. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് അത്ഭുത സഖ്യം സൃഷ്ടിച്ച ചാണക്യന്‍ എന്ന് ശരത് പവാറിനെ വാഴ്ത്തുന്നതിന് ഇടെയാണ് കോണ്‍ഗ്രസിനൊപ്പമുള്ള കൂട്ടുകെട്ട് സുഖകരമല്ലെന്ന് അമ്മാവന്‍ പവാര്‍ വ്യക്തമാക്കുന്നത്.

അധികാരം പങ്കുവെയ്ക്കുന്ന ഘട്ടത്തില്‍ ചര്‍ച്ചകളിലും, വിലപേശലും ആഴ്ചകള്‍ നീണ്ടുപോയതോടെയാണ് ബിജെപി അവസരം മുതലാക്കാന്‍ ശ്രമിച്ചത്. ഈ വിഷയത്തില്‍ തന്റെ അതൃപ്തി ശരത് പവാര്‍ തുറന്ന് വ്യക്തമാക്കി. ‘എന്‍സിപിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് കുറവ്, കോണ്‍ഗ്രസിനേക്കാള്‍ 10 സീറ്റ് അധികമുണ്ടായിരുന്നു. സേനയ്ക്ക് മുഖ്യമന്ത്രി പദവും, കോണ്‍ഗ്രസിന് സ്പീക്കര്‍ കസേരയും കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് കിട്ടിയത്? ഉപമുഖ്യമന്ത്രിക്ക് അധികാരങ്ങളില്ല’, ശരത് പവാര്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ മോശം പെരുമാറ്റമാണ് അജിത് പവാറിനെ ബിജെപി ചേരിയിലേക്ക് എത്തിച്ചതെന്നും അമ്മാവന്‍ പവാര്‍ ആരോപിച്ചു. ‘ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യം പ്രാവര്‍ത്തികമല്ലെന്ന് ചിന്തിച്ചാണ് അജിത് പവാര്‍ ബിജെപിക്ക് ഒപ്പം പോയത്. എന്‍സിപി, കോണ്‍ഗ്രസ് യോഗങ്ങളില്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് സംസാരങ്ങള്‍ ഉണ്ടായി. എന്‍സിപി നേതാക്കള്‍ എന്നോട് പോകാന്‍ പറഞ്ഞ ഘട്ടമെത്തി. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് തോന്നിയതോടെയാണ് അജിത് പവാര്‍ ബിജെപിക്കൊപ്പം പോയത്’, പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങളാണ് തങ്ങളുടെ നേതാവിനെ ബിജെപി ചേരിയില്‍ എത്തിച്ചതെന്ന ശരത് പവാറിന്റെ വാക്കുകള്‍ ഒരു സമ്മര്‍ദ തന്ത്രം കൂടിയാണെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നോട് സംസാരിച്ചെന്ന പവാറിന്റെ വാക്കുകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇനിയും മാന്യത ലംഘിച്ചാല്‍ പണികൊടുക്കുമെന്ന ശക്തമായ സൂചനയാണ് ശരത് പവാര്‍ മുന്നോട്ട് വെയ്ക്കുന്നത്.

Top