മുഖ്യമന്ത്രി കസേരയാണ് എല്ലാം തുലച്ചത്; ത്രികക്ഷി സര്‍ക്കാര്‍ പൊളിച്ച കാര്യം വ്യക്തമാക്കി പവാര്‍

ഹാരാഷ്ട്രയില്‍ അട്ടിമറി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന് കീറാമുട്ടിയായി തീര്‍ന്ന വിഷയം വ്യക്തമാക്കി എന്‍സിപി മേധാവി ശരത് പവാര്‍. സര്‍ക്കാര്‍ രൂപീകരണത്തിന് ഏറെ സമയം എടുക്കാനുള്ള കാരണമാണ് മുതിര്‍ന്ന പവാര്‍ വിശദീകരിച്ചത്. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കുന്ന വിഷയത്തില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും അന്തിമ തീരുമാനം സ്വീകരിക്കാന്‍ കഴിയാത്തതിന് പുറമെ മറ്റ് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായെന്നാണ് പവാര്‍ വ്യക്തമാക്കുന്നത്.

‘മുഖ്യമന്ത്രി കസേര പപ്പാതി പങ്കുവെയ്ക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടികള്‍ തമ്മില്‍ മറ്റ് പല പ്രശ്‌നങ്ങളും നിലനിന്നു. അഭിപ്രായ സമന്വയം രൂപീകരിക്കാനും സാധിച്ചില്ല’, മഹാരാഷ്ട്രയിലെ കുര്‍ദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ശരത് പവാര്‍ വെളിപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് അമ്മാവന്‍ പവാറിനെ ഞെട്ടിച്ചാണ് മരുമകന്‍ അജിത് പവാര്‍ ഈ സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ തകര്‍ത്തത്.

‘ശിവസേനയുമായി ഏറെ ദൂരം മുന്നോട്ട് പോയതാണ്. അജിത് പവാറിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയെങ്കില്‍ അത് പാര്‍ട്ടി അണികളെ വിശ്വാസത്തില്‍ എടുത്ത് മാത്രമാകും ഉണ്ടായിരുന്നത്. ശിവസേനയ്ക്ക് ഉറപ്പ് നല്‍കിയതിനാല്‍ മോശമായതൊന്നും ചെയ്യാന്‍ കഴിയില്ല. 5 വര്‍ഷം മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരിക്കണമെന്നതിനാല്‍ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ല’, ശരത് പവാര്‍ സമ്മതിച്ചു.

രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം മൂന്ന് കക്ഷികളും പല റൗണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംഗതി വിജയകരമായില്ല. ശിവസേന, എന്‍സിപി കക്ഷികള്‍ മുഖ്യമന്ത്രി പദത്തിന് കടിപിടി കൂടിയതിന് പുറമെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചതും പാരയായി.

Top