300 എംഎല്‍എമാര്‍ക്ക് മുംബൈയില്‍ വീട് നല്‍കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ ശരദ് പവാര്‍

മുംബൈ: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

മഹാവികാസ് അഘാഡി സര്‍ക്കാരാണ് തീരുമാനമെടുത്തത്, എന്നാല്‍ നിയമസഭാ സാമാജികര്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ശരദ് പവാര്‍ പറഞ്ഞു. പകരം എംഹദ നിര്‍മ്മിച്ച വീടുകളില്‍ നിയമസഭാംഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട അനുവദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സഖ്യസര്‍ക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് സൗജന്യ വീട് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമാണ്. ഭൂരിപക്ഷം നിയമസഭാംഗങ്ങളും കോടീശ്വരന്മാരാണെന്നും അവര്‍ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാനത്തിന്റെ കടബാധ്യത 6.25 ലക്ഷം കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും വീടുകള്‍ക്കായി വന്‍ തുക ചെലവഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് ചോദ്യമുയര്‍ന്നു.

മുംബൈ മേഖലക്ക് പുറത്തുള്ള നിയമസഭാ സാമാജികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഗോരെഗാവില്‍ നിയമസഭാംഗങ്ങള്‍ക്ക് 300 വീടുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മാര്‍ച്ച് 25നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭയില്‍ അറിയിച്ചത്.

Top