മഹരാഷ്ട്രയില്‍ പുറം തള്ളിയ പാര്‍ട്ടിയെ സി.പി.എം കേരളത്തില്‍ ഇനി ചുമക്കരുത്

കേരളത്തില്‍ എന്തിനാണ് എന്‍.സി.പിക്ക് മന്ത്രി സ്ഥാനവും എം.എല്‍.എ പദവികളും നല്‍കിയത് എന്നത് സംബന്ധിച്ച് ഇനിയെങ്കിലും സി.പി.എം നേതൃത്വം പുനര്‍വിചിന്തനം നടത്തണം.കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ നിഴല്‍ പറ്റിയില്ലെങ്കില്‍ വലിയ പൂജ്യമാണ് എന്‍.സി.പി. മഹാരാഷ്ട്രയില്‍ പവാറിനുള്ള പവറൊന്നും കേരള മണ്ണില്‍ ചിലവാകില്ല. ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഒറ്റക്ക് നിന്ന് ജയിക്കാനുള്ള ശേഷി ആ പാര്‍ട്ടിക്ക് ഈ മണ്ണിലില്ല. ഈ യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും എം.എല്‍.എമാരെ സൃഷ്ടിക്കാനും മറ്റു പൊതു ജനാധിപത്യ വേദികളില്‍ സ്ഥാനമാനങ്ങള്‍ നല്‍കാനും സി.പി.എം നേതൃത്വം തയ്യാറായി.അതേസമയം എന്‍.സി.പിക്കാരായ രണ്ട് മന്ത്രിമാരും പിണറായി സര്‍ക്കാറിന് ഉണ്ടാക്കിയ മാനക്കേടും ചില്ലറയല്ല, ഒരാള്‍ ഹണി ട്രാപ്പില്‍ ആണ് കുടുങ്ങിയതെങ്കില്‍ മറ്റേയാള്‍ കായല്‍ കയ്യേറ്റത്തിലൂടെയാണ് മാനക്കേട് ഉണ്ടാക്കിയത്. രണ്ട് പേര്‍ക്കും മന്ത്രി സ്ഥാനം നഷ്ടമായതും ഈ വിവാദങ്ങളെ തുടര്‍ന്നാണ്.

പരാതിക്കാരിയുമായി നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് ശേഷം എ.കെ.ശശീന്ദ്രനെ പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെടുത്തത് തന്നെ എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ പവാറിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നു. ‘ദേശീയ തലത്തില്‍ തന്നെ ഏക മന്ത്രി കേരളത്തിലേ ഉള്ളൂ അത് കളയരുത് ‘എന്നായിരുന്നു സി.പി.എം നേതാക്കളുടെ കാല് പിടിച്ച് എന്‍.സി.പി ദേശീയ നേതൃത്വം യാചിച്ചിരുന്നത്.എന്നാല്‍ കേരളത്തില്‍ സി.പി.എം കാണിച്ച വിട്ടുവീഴ്ചയും മന്ത്രി പരിഗണനയും മറന്നാണ് എന്‍.സി.പി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പാലം വലിച്ചിരിക്കുന്നത്.

നാസിക് ജില്ലയിലെ ദിണ്ഡോരി ലോകസഭ സീറ്റ് നല്‍കാമെന്ന വാഗ്ദാനം എന്‍.സി.പി ലംഘിച്ചതിനെ തുടര്‍ന്ന് ഇവിടെ സി.പി.എം സ്വന്തം നിലക്ക് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.മഹാരാഷ്ട്രയെ വിറപ്പിച്ച വന്‍ കര്‍ഷക മുന്നേറ്റത്തിലൂടെ സി.പി.എം കരുത്താര്‍ജിച്ച മണ്ഡലമാണിത്. ഇവിടെ എന്‍സിപിയും സിപിഎമ്മും കൈകോര്‍ത്തിരുന്നൂവെങ്കില്‍ നിഷ്പ്രയാസം വിജയിക്കാന്‍ കഴിയുമായിരുന്നു. ദേശീയ തലത്തില്‍ തന്നെ പുതിയ ഒരു കാര്‍ഷക വിപ്ലവത്തിന് തുടക്കമിട്ട മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ ആയിരുന്നു.കിസാന്‍ സഭ ഉഴുത് മറിച്ച് പാകപ്പെടുത്തിയ മണ്ണിലാണ് ഇപ്പോള്‍ എന്‍.സി.പിയും കോണ്‍ഗ്രസ്സും നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്.

സി.പി.എമ്മിന്റെ സംഘടനാപരമായ ദൗര്‍ബല്യം ഒരിക്കലും വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. അതു കൊണ്ടു തന്നെയാണ് സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും എസ്.എഫ്.ഐയും കിസാന്‍ സഭയും സി.ഐ.ടി.യുമെല്ലാം കൊടുങ്കാറ്റ് വിതയക്കുന്നത്.ഈ പ്രക്ഷോഭങ്ങളിലൂടെ ജനവികാരം ഭരണകൂടത്തിന് എതിരാകുമ്പോള്‍ നേട്ടം കൊയ്യാനാണ് ഖദര്‍ രാഷ്ട്രീയം രംഗപ്രവേശനം ചെയ്യുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഏര്‍പ്പാട് പോലെയാണിത്.

രാജസ്ഥാനില്‍ കിസാന്‍ സഭയുടെ നേത്യത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ നേട്ടമാണ് ബി.ജെ.പി സര്‍ക്കാറിന്റെ പതനം.ഇവിടെ മത്സരിച്ച ഏതാനും സീറ്റുകളില്‍ രണ്ടു സീറ്റും ലക്ഷക്കണക്കിന് വോട്ടുകളുടെ വര്‍ദ്ധനവും ഉണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞെങ്കിലും ഭരണം പിടിച്ചത് കോണ്‍ഗ്രസ്സാണ്.സി.പി.എമ്മിന്റെ സംഘടനാപരമായ ഈ പരിമിതി മഹാരാഷ്ട്രയിലും നേട്ടമാക്കാനാണ് കോണ്‍ഗ്രസ്സ് എന്‍സിപി സഖ്യം ഒരുങ്ങുന്നത്. മണ്ണില്‍ പണിയെടുക്കുന്നവന് വേണ്ടി ചോര പൊടിയുന്ന കാലുമായി കമ്യൂണിസ്റ്റുകള്‍ ചുട്ടുപൊള്ളുന്ന തെരുവിലിറങ്ങി പോരാടുമ്പോള്‍ എ.സി റൂമിലിരുന്ന് പ്രസ്താവനാ യുദ്ധം നടത്തുകയായിരുന്നു കോണ്‍ഗ്രസ്സും എന്‍.സി.പിയും. വിയര്‍പ്പിന്റെ ഗന്ധം അറിയാത്ത ഈ ഖദര്‍ ധാരികളുടെ അവസരവാദ പരമായ രാഷ്ട്രീയ ചൂതാട്ടമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്.

ഒരു സീറ്റു പോലും സി.പി.എമ്മിന് കര്‍ഷക സ്വാധീന മേഖലയില്‍ നീക്കിവയ്ക്കാന്‍ തയ്യാറാകാത്ത എന്‍.സി.പിക്ക് ചുട്ട മറുപടിനല്‍കാന്‍ മഹാരഷ്ട്രയില്‍ പരമാവധി സീറ്റില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറാവണം. എന്‍.സി.പി.ക്കുള്ള ആദ്യ പ്രഹരം പക്ഷെ നല്‍കേണ്ടത് കേരളത്തില്‍ നിന്നാണ് .കാരണം പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള രാഷ്ട്രീയമാണ് എന്‍.സി.പി മഹാരാഷ്ട്രയില്‍ പയറ്റുന്നത്. അധികാരം ലഭിക്കാന്‍ എന്ത് നിലപാടും സ്വീകരിക്കാന്‍ മടിക്കാത്ത ഇത്തരം നേതാക്കളെയും അവരുടെ പാര്‍ട്ടിയെയും ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കി ശുദ്ധികലശം നടത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണം. അങ്ങനെയാണ് പവാറിന്റെ ‘പവര്‍’ രാഷ്ട്രീയത്തിന് മറുപടി കൊടുക്കേണ്ടത്.

Express Kerala View

Top