മറ്റ് മേഖലയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം; സച്ചിന് പവാറിന്റെ ഉപദേശം

മുംബൈ: കര്‍ഷക സമരത്തിന് പിന്തുണച്ച അന്താരാഷ്ട്ര താരങ്ങളെ വിമര്‍ശിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മറുപടിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. മറ്റ് മേഖലയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ശരദ് പവാര്‍ സച്ചിനെ ഉപദേശിച്ചത്. ‘ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനൈതിരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നു. എനിക്ക് സച്ചിനോട് പറയാനുള്ളത് ഇതാണ്. മറ്റ് മേഖലകളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം’ -ശരദ് പവാര്‍ പറഞ്ഞു. കര്‍ഷക സമരക്കാരെ ഖലിസ്ഥാനികള്‍, ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെയും കേന്ദ്രത്തിനെതിരെ പവാര്‍ വിമര്‍ശനമുന്നയിച്ചു.

അതേസമയം പവാറിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. പവാര്‍ മിയാഖലീഫ, റിഹാന, ഗ്രെറ്റ തുന്‍ബെര്‍ഗ് എന്നിവരെയും ഉപദേശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായി ബിജെപി നേതാവ് മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു. മുമ്പ് കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരം വേണമെന്ന് ആവശ്യപ്പെട്ട പവാറിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ബിജെപി വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഇന്ത്യക്കാർ തന്നെ പരിഹരിച്ചു കൊള്ളുമെന്നും പുറത്തുനിന്നുള്ളവര്‍ കാഴ്ചക്കാർ മാത്രമാണെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

Top