അജിത് പവാര്‍ രണ്ടുവട്ടം കളംമാറി; പിന്‍ഗാമിയെ കണ്ടെത്താന്‍ ഇനി പവാറിന് ടെന്‍ഷനില്ല

80 മണിക്കൂര്‍ പോലും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് സാധിച്ചില്ല. അതിന് മുന്‍പ് വിധി തിരുത്തി സുപ്രീം കോടതി വിധി എത്തിയതും, വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് കയറാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് രാജിവെച്ച് ഒഴിയേണ്ടിയും വന്നു ഫഡ്‌നാവിസിന്. 14 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചതെങ്കില്‍ കോടതി ഇത് 24 മണിക്കൂറാക്കി ചുരുക്കി.

രാജ് ഭവനില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ശരത് പവാര്‍ ഉറക്കമുണര്‍ന്ന് പ്രവര്‍ത്തിച്ചത്. മരുമകന്റെ നീക്കം മുന്‍കൂട്ടി കാണാതിരുന്ന പവാര്‍ തന്നെയാണ് ഈ കളിക്ക് പിന്നിലെ കേമനെന്ന് അഭ്യൂഹങ്ങള്‍ പരന്നു. അജിത് പവാറിന്റെ നീക്കങ്ങള്‍ മൂലം ശരത് പവാറിന് രണ്ട് നേട്ടങ്ങളാണ് പ്രധാനമായും ഉണ്ടായത്. എന്‍സിപി തന്റെ കൈപ്പിടിയില്‍ തന്നെയെന്ന് ഉറപ്പാക്കിയതിന് പുറമെ മകള്‍ സുപ്രിയ സുലെയെ നേതൃത്വം ഏല്‍പ്പിക്കാനും അദ്ദേഹത്തിന് മുന്നില്‍ വഴിയൊരുങ്ങി.

Sharad Pawar

Sharad Pawar

അജിത് പവാര്‍ തിരികെ വന്നതോടെ ബിജെപിയുടെ സംശുദ്ധ രാഷ്ട്രീയത്തില്‍ കളങ്കം ചാര്‍ത്താനും ശരത് പവാറിന് സാധിച്ചു. സുപ്രിയ സുലെയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ള അജിത് ഇതിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയുകയും ചെയ്യാം. ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡ് ഏറ്റെടുത്ത നിതീഷ് കുമാറിന് പിന്നില്‍ ശരത് യാദവ് ഒതുങ്ങിയതും, യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ സ്ഥാപകന്‍ മുലായത്തിനെ ഒതുക്കി മകന്‍ അഖിലേഷ് യാദവും പാര്‍ട്ടിയില്‍ അധികാരം സ്ഥാപിച്ചതും പവാറിന് ഉദാഹരണങ്ങളായി മുന്നിലുണ്ട്.

പാര്‍ട്ടിയെ വഴിതെറ്റിച്ച കുറ്റം ഏറ്റെടുത്ത് തിരിച്ചെത്തുന്ന അജിത് പവാറിന് അമ്മാവന്‍ പവാറിന് മുന്നില്‍ കീഴടങ്ങുക മാത്രമാണ് ഇനി മാര്‍ഗ്ഗം. ഇതോടെ സുപ്രിയ സുലെ സസുഖം എന്‍സിപി നേതാവായി വാഴും.

Top