തിരുവാഭരണം മോഷ്ടിച്ച കേസില്‍ ശാന്തിക്കാരന്‍ പിടിയില്‍

കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട് മഠത്തില്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ ശാന്തിക്കാരന്‍ പിടിയില്‍. അടൂര്‍ വടക്കടത്ത്കാവ് സ്വദേശി ഭുവനചന്ദ്രനാണ് (60) പൊലീസ് പിടിയിലായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു പവനില്‍ കൂടുതല്‍ തൂക്കം വരുന്ന സ്വര്‍ണമണി മാല കവര്‍ന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

ക്ഷേത്രത്തില്‍ പുതിയ ഭരണ സമതി ചുമതലയേല്‍ക്കുന്നതിന് മുന്‍പായുള്ള ഓഡിറ്റില്‍ രേഖയിലുണ്ടായിരുന്ന മാലയുടെ രൂപവും വിഗ്രഹത്തിലുണ്ടായിരുന്ന മാലയും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കമ്മറ്റി അംഗങ്ങള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വ്യക്തമായത്. ഏനാത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 17000 രൂപക്ക് പണയം വച്ചിരുന്ന തൊണ്ടിമുതല്‍ പൊലീസ് വീണ്ടെടുത്തുത്തിട്ടുണ്ട്. 38000 രൂപ വിലമതിക്കുന്ന മാലയാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു. കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Top