shanker reddy’s letter to jacob thomas

തിരുവനന്തപുരം: തനിക്കെതിരെ വിജിലന്‍സില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ശങ്കര്‍ റെഡ്ഡി.

വിജിലന്‍സിലെ ഉന്നതരും പരാതിക്കാരനും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് നല്‍കിയ കത്തിലെ പ്രധാന ആരോപണം.

ഈ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് തനിക്കെതിരെ കോടതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ശങ്കര്‍റെഡ്ഡി കത്തില്‍ പറയുന്നു.

ഈ കുട്ടുകെട്ട് ഇപ്പോഴും തുടരുന്നതിനാല്‍ ഇനിയും ഇത്തരം തെറ്റായ റിപ്പോര്‍ട്ട് നല്‍കാനിടയുണ്ടെന്നും കത്തില്‍ പറയുന്നു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് എന്നയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്നും കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു.

പായിച്ചറ നവാസും വിജിലന്‍സ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. ആ കൂട്ടുകെട്ടിന്റെ ഫലമായി തനിക്കെതിരെ വിജിലന്‍സില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്നെ കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെടുമ്പോള്‍ തെറ്റായാണ് വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കുന്നത്. ഇത് തന്നെ കുടുക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കത്തില്‍ പറയുന്നു.

തനിക്കെതിരെ ഇതുവരെ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകള്‍ എല്ലാം തെറ്റാണ്. ഇനിയും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജാഗ്രത പാലിക്കണമെന്നും കത്തില്‍ ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ സോളര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞു. സരിത സോളര്‍ കമ്മിഷന്‍ മുന്‍പാകെ പരാതി ഉന്നയിച്ചതിന്റെ അടുത്ത ദിവസം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് എന്നൊരാള്‍ വ്യക്തി ഹര്‍ജി നല്‍കി.

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ അതിനെതിരെ ആരോപണവിധേയര്‍ അടുത്ത ദിവസം ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ വാങ്ങി.

സ്‌റ്റേ അനുവദിച്ച വിഷയത്തില്‍ പിന്നീടു വിജിലന്‍സിനു നേരിട്ടു പരാതി ലഭിച്ചാലും അന്വേഷിക്കാന്‍ കഴിയില്ലെന്നും റെഡ്ഡി പറഞ്ഞു. ഇതെല്ലാം മറച്ചു വച്ചാണ് താന്‍ പരാതികള്‍ പൂഴ്ത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു.

Top