Shanimole usman in ottapalam

തിരുവനന്തപുരം: ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അവിടെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശാന്ത ജയറാമിനെ മാറ്റാന്‍ ആലോചന. ശാന്ത ജയറാമിന് പകരം മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചനടത്തിവരുന്നു. കഴിഞ്ഞ തവണ ഷൊര്‍ണൂരില്‍ മത്സരിച്ച് 13,000 ത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതാക്കള്‍.

ശക്തരായ മറ്റൊരു സ്ഥനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കാന്‍ സാധിക്കുമെന്ന് ഡി.സി.സിയും നേതൃത്വത്തെ അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ അമ്പലപ്പുഴ സീറ്റിലായിരുന്നു ഷാനിമോളെ പരിഗണിച്ചത്. എന്നാല്‍ അവസാന നിമിഷം അമ്പലപ്പുഴ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് അവര്‍ക്ക് സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംകിട്ടാതെ പോയത്. നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒറ്റപ്പാലത്ത് മത്സരിക്കാനുള്ള സന്നദ്ധ ഷാനിമോള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Top