ഷാങ്ഹായ് ഉച്ചകോടി ഇന്ന് സമാപിക്കും: പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് മോദി

ന്യൂഡല്‍ഹി: ബിഷ്‌ക്കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടി ഇന്ന് അവസാനിക്കും. ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്ക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കും. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലന്നും നരേന്ദ്രമോദി ആവശ്യപ്പെടുമെന്നാണ് നിരീക്ഷണം.

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 40മിനിറ്റ് കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചയായി.

ഇന്നലെ അനന്ത്‌നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക്ക് പിന്തുണ വ്യക്തമാക്കുന്നതായി മോദി ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായും മോദി ചര്‍ച്ചനടത്തും. അമേരിക്കയുടെ ഉപരോധവും ചര്‍ച്ചയാവും എന്നാണ് വിവരം.

Top