ഷാങ്ഹായ് സഖ്യത്തിലേക്ക് ഇറാനും; ഉച്ചകോടി ഇന്ന്

ഡൽഹി ∙ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) ഇറാൻ സ്ഥിരാംഗമാകും. യുഎസ് ഉപരോധം മൂലം വലയുന്ന രാജ്യം വ്യാപാര, സുരക്ഷാബന്ധങ്ങൾ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചേരുന്നത്.

2001 ൽ റഷ്യയും ചൈനയും ചേർന്നു രൂപീകരിച്ച എസ്‌സിഒയിൽ മധ്യേഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്നു ആദ്യം അംഗങ്ങൾ. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായി. ഇന്ന് ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ആരംഭിക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ ഇറാനു പൂർണ അംഗത്വം ലഭിക്കും. പ്രസിഡന്റ് ഇബ്രാഹിം റെയ്സി പങ്കെടുക്കും. നിലവിൽ ഇറാനു നിരീക്ഷക പദവിയാണുള്ളത്.

ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി ചർച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിൽ ചൈന നൽകിയ പിന്തുണയെ പുട്ടിൻ പ്രശംസിച്ചു. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സമർഖണ്ഡിലെത്തി. ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കളുമായി മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു. എന്നാൽ, ഷി ചിൻ പിങ്ങുമായി ചർച്ച ഉണ്ടാകുമോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

Top