ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് കര്‍ശന നടപടി ഉണ്ടാകും

കൊച്ചി : കരാര്‍ ലംഘനം നടത്തിയെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് നടപടി ഉണ്ടാകും. നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍വ്വാഹക സമിതിയോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നിര്‍മ്മാതക്കളുടെ സംഘടന നിര്‍വ്വാഹക സമിതിയോഗം ചേരുക.
ഇന്നലെ നിശ്ചയിച്ച യോഗം ഭാരവാഹികളെല്ലാവരും എത്താതിനെ തുടര്‍ന്ന് ഇന്ന് നടത്താന്‍ മാറ്റിവെക്കുകയായിരുന്നു.

ഇതിനിടെ ഉല്ലാസം എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ടതിലും കൂടുതല്‍ പ്രതിഫലം ചോദിക്കുന്ന ഷെയ്‌നിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതോടെ ഇന്ന് നിര്‍വ്വാഹക,സമിതി യോഗം കൂടി ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ധാരണയായത്.

നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും പരിഗണനയിലുണ്ട്.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.പ്രതിഷേധം എന്ന് ഫോട്ടോയിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു.

ഉല്ലാസം എന്ന സിനിമയുടെ നിര്‍മാതാവും ഷെയിനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയിട്ടും ഡബ്ബിങ് ചെയ്ത് നൽകിയില്ല എന്നാണ് പരാതി. ഇക്കാര്യവും യോഗം ചർച്ച ചെയ്യും.

Top