ഷെയ്‌നിന്റെ വിലക്ക് പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ സജീവം; ഫെഫ്കയും അമ്മയും രംഗത്ത്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് നല്‍കിയ വിലക്ക് പിന്‍വലിപ്പിക്കാനുള്ളനീക്കങ്ങള്‍ സജീവം. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കും. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഷെയ്‌നുമായി ബന്ധപ്പെട്ടവര്‍ ഫെഫ്കയ്ക്കും കത്ത് നല്‍കും.

വെയില്‍, ഖുര്‍ബാനി സിനിമകളിലെ ന്ിര്‍മാതാക്കളുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷെയ്‌നിനെ വിലക്കിയത്. ഷെയ്‌നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം വിലക്കിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കാന്‍ അമ്മ സംഘടന ഒരുങ്ങുന്നത്.

പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഷെയ്‌നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടും. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്.

ഉല്ലാസം സിനിമയുടെ ഡബ്ബിഗ് പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കണമെന്നും ഫെഫ്ക ആവശ്യപ്പെടും. വെയില്‍, ഖുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കരുതെന്നും ഇരു ചിത്രങ്ങളുടെ സംവിധായകരെ കൂടി ഓര്‍ക്കണമെന്നും ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കുന്ന കത്തില്‍ ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Top