എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു, എല്ലാവരോടും നന്ദി ; കടലാസ് കത്തിച്ച് ഷെയിന്‍

കൊച്ചി : നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെ ഫേസ് ബുക്കില്‍ കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടന്‍ ഷെയിന്‍ നിഗം. എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു. എല്ലാവരോടും നന്ദി, സ്‌നേഹമെന്നും ഷെയിന്‍ അറിയിച്ചു.

കൊച്ചിയില്‍ നിര്‍മാതാക്കളുടെ സംഘടനയുടെയും താരസംഘടനയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്.ചര്‍ച്ചയില്‍ തൃപ്തനെന്ന് യോഗത്തിന് ശേഷം ഷെയ്ന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷെയ്ന്‍ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും നല്‍കാനുള്ള ബാക്കി തുക സിനിമ പൂര്‍ത്തീകരിച്ച ശേഷം നല്‍കുമെന്നും നിര്‍മാതാവ് ജോബി ജോര്‍ജ് അറിയിച്ചു.

നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയര്‍ത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ന്‍ പറയുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ജോബി ജോര്‍ജും രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ വാക്പോര് മുറുകി. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നത്.

വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തില്‍ പൂര്‍ത്തീകരിച്ച് ഷെയ്ന്‍ കുര്‍ബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ന്‍ വരുന്നത്. വെയിലില്‍ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ന്‍ എത്തുന്നത്. കുര്‍ബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാല്‍ പിന്നിലെ മുടി അല്‍പം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തി പറഞ്ഞിരുന്നു.

Solved.One Love. ☝️❤️

Posted by Shane Nigam on Wednesday, October 23, 2019

ഇതിന് പിന്നാലെ ജോബി ജോര്‍ജും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഷെയ്ന്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോര്‍ജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുന്‍പ് നിശ്ചയിച്ച സമയവും കഴിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെ ഷെയ്ന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നല്‍കിയതായി അറിഞ്ഞു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയെന്നും ജോബി പറഞ്ഞിരുന്നു.

Top