വിലക്ക്; താരസംഘടന അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഫെഫ്ക താരസംഘടന അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടും.

മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയ്ന്‍ കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഫെഫ്കയുമുള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച ഒരുക്കാനാണ് താരസംഘടനയായ അമ്മയുടെ നീക്കം.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്.

ഉല്ലാസം സിനിമയുടെ ഡബ്ബിഗ് പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കണമെന്നും ഫെഫ്ക ആവശ്യപ്പെടും. വെയില്‍, ഖുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കരുതെന്നും ഇരു ചിത്രങ്ങളുടെ സംവിധായകരെ കൂടി ഓര്‍ക്കണമെന്നും ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കുന്ന കത്തില്‍ ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.

വെയില്‍, ഖുര്‍ബാനി സിനിമകളിലെ നിര്‍മാതാക്കളുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷെയ്നിനെ വിലക്കിയിരുന്നത്. ഷെയ്നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു.

Top