മാപ്പല്ല, സ്വഭാവം മാറ്റുകയാണ് വേണ്ടത്, ദളപതിയെ കണ്ട് പഠിക്കണം ഷെയിൻ…

ഷെയിന്‍ നിഗം എന്ന നടന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് പ്രകോപനപരമായ നീക്കങ്ങളാണ്.സിനിമാ സംഘടനകള്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കെ അത് പൊളിക്കുന്നതാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ പെരുമാറ്റം.

നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന ഷെയിനിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ചര്‍ച്ചയില്‍ നിന്നും പിന്‍മാറി നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചതും ഈ പ്രതികരണമാണ്. കോടികളുടെ നഷ്ടം മുന്‍ നിര്‍ത്തി ഷെയിനിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം. സ്വാഗതാര്‍ഹമായ നിലപാടാണിത്.

രണ്ട് സിനിമകളുടെ ചിത്രീകരണമാണ് ഷെയിന്‍ നിഗം എന്ന താരത്തിന്റെ ധിക്കാരത്തെ തുടര്‍ന്ന് ഇപ്പോള്‍ നിലച്ചിരിക്കുന്നത്. പുതുമുഖ സംവിധായകരുടെ ഭാവി ഉള്‍പ്പെടെയാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്. കോടികള്‍ മുടക്കിയ നിര്‍മ്മാതാക്കള്‍ മാത്രമല്ല, നിരവധി ടെക്കനിഷ്യന്‍മാരും സഹ അഭിനേതാക്കളും പെരുവഴിയിലായിരിക്കുകയാണ്. ഈ ധിക്കാരത്തിന് കലാ കേരളം ഷെയിനിന് ഉചിതമായ മറുപടി ഉടന്‍ നല്‍കേണ്ടതുണ്ട്.

ഇത്രയും ധിക്കാരം ഒരു താരത്തിനും പാടില്ല. നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ ആദ്യം നിലപാടെടുത്തവരാണ് ഞങ്ങള്‍. വിലക്ക് ഒന്നിനും ഒരു പരിഹാരമല്ലന്ന നിലപാടാണ് സര്‍ക്കാറും സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടുകള്‍ ശരിയുമായിരുന്നു.എന്നാല്‍ പൊതു സമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണകളെ തെറ്റായ രൂപത്തില്‍ ഉപയോഗപ്പെടുത്താനാണ് ഷെയിന്‍ നിലവില്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലാകെ വിലക്ക് നീട്ടാന്‍ ഫിലിം ചേംബറിനെ പ്രേരിപ്പിച്ചതും ഈ അഹങ്കാരം മുന്‍നിര്‍ത്തിയാണ്. മലയാളം ഇല്ലങ്കില്‍ അന്യഭാഷകളില്‍ വിലസാം എന്ന ധിക്കാരത്തിനേറ്റ പ്രഹരമാണിത്. ചോദിച്ച് വാങ്ങിയ തിരിച്ചടി എന്നു തന്നെ ഇതിനെ വിലയിരുത്തേണ്ടി വരും.

ഇത്തരം നിലപാടുമായി പോയാല്‍ സിനിമയില്‍ നിന്നല്ല പ്രേക്ഷക മനസ്സില്‍ നിന്നു തന്നെയാണ് ഷെയിന്‍ ഇനി ഔട്ടാകാന്‍ പോകുന്നത്.

23 വയസ്സിന്റെ എല്ലാ ചെയ്തികളെയും പക്വത കുറവായി മാത്രം കാണാന്‍ കഴിയുകയില്ല. ഇതൊരു തരം അഹങ്കാരമാണ്. പുച്ഛമാണ്… മറ്റുള്ളവരെല്ലാം തന്റെ കാല് പിടിച്ച് പിന്നാലെ വരണമെന്ന ഈ അഹന്ത വിനാശകരമാണ്.

മമ്മുട്ടിയും മോഹന്‍ലാലുമെല്ലാം തുടക്കകാലത്ത് എങ്ങനെയായിരുന്നു പെരുമാറിയിരുന്നതെന്നത് ഷെയിന്‍ ശരിക്കും മനസിലാക്കണം.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായി വിലസുന്ന രജനിയും ദളപതി വിജയ് യും ഇപ്പോഴും എങ്ങനെയാണ് പെരുമാറുന്നതെന്നതും കണ്ടറിയണം. എളിമയും അച്ചടക്കവും എന്താണെന്നത് ഈ താരങ്ങളെയാണ് കണ്ട് പഠിക്കേണ്ടത്.

ബാല നടനായി വന്ന് ഇന്ന് തെന്നിന്ത്യ അടക്കി ഭരിക്കുന്ന സൂപ്പര്‍ താരമാണ് ദളപതി വിജയ്.ഒരു ചെറിയ പിഴവ് പോലും ഇതുവരെ ഈ താരത്തിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.

ഷൂട്ടിങ്ങ് സെറ്റില്‍ ഷെയിന്‍ വിശ്രമിക്കും പോലെ കാരവനില്‍ മാത്രമല്ല, തറയിലും കിടക്കും ദളപതി വിജയ്. ഇന്ന് അദ്ദേഹം ഇരിക്കുന്ന പോസിഷന്‍വച്ച് നോക്കിയാല്‍ ഒരിക്കലും ഇതിന്റെയൊന്നും ആവശ്യംപോലുമില്ല.

വിജയ് യുടെ ഏഴകലത്ത് ഈ ജന്മമല്ല, എത്ര ജന്മമെടുത്താലും എത്താന്‍ ഷെയിനിന് കഴിയുകയില്ല. നിങ്ങളുടെ മനസ്സ് അഹങ്കാരത്താല്‍ വികൃതമായിരിക്കുകയാണ്.മലയാള സിനിമയില്‍ ഒരു ചുക്കുമല്ല താനെന്ന ബോധമാണ് ആദ്യം വേണ്ടത്. തുടക്കം തന്നെ ഇങ്ങനെയാണെങ്കില്‍ എത്രമാത്രം ഇനി സിനിമാലോകം ഈ താരത്തെ സഹിക്കേണ്ടി വരുമെന്നതും പ്രസക്തമായ ചോദ്യമാണ്.

നിര്‍മ്മാതാക്കളോട് കലഹിച്ച് ഷൂട്ടിങ് കഴിയും മുന്‍പ് കഥാപാത്രത്തിന്റെ മുഖം വികൃതമാക്കുന്ന ഏര്‍പ്പാട് ഷെയിനല്ലാതെ മറ്റൊരു താരവും ചെയ്യുകയില്ല. ഈ നടപടി പോലും ക്ഷമിച്ച് ചര്‍ച്ചക്ക് തയ്യാറായവരെ വീണ്ടും താറടിക്കുന്നത് ‘പന്നത്തരം’തന്നെയാണ്.

ഏത് ലഹരിയുടെ പുറത്തുള്ള പ്രതികരണമായാലും ഉചിതമായ മറുപടി ഇതിന് ഷെയിനിന് കിട്ടുക തന്നെ വേണം.

ധിക്കാര നിലപാട് അവസാനിപ്പിക്കാതെ രാജ്യത്തെ ഒരു നിര്‍മ്മാതാവും ഈ താരത്തിനോട് ഇനി സഹകരിക്കാന്‍ പാടില്ല. മര്യാദ പഠിച്ചിട്ട് വേണം കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കേണ്ടത്.

ജീവിതത്തില്‍ വില്ലത്തരം കാണിച്ചിട്ട് സിനിമയില്‍ നല്ല പിള്ള ചമയുന്ന ഏര്‍പ്പാടിന് കുടപിടിക്കേണ്ട ആവശ്യം പ്രേക്ഷകര്‍ക്കുമില്ല.

ലഹരി ഉപയോഗ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഷെയിന്‍ നിഗത്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്താനും പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഈ താരം ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിരന്തരം നിരീക്ഷിച്ച് അത് കണ്ടു പിടിക്കുക തന്നെ വേണം. ഒരു ദയയും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്.

സിനിമയിലെ നായകന്റെ ‘വില്ലത്തരം’ പൊതു സമൂഹത്തില്‍ തുറന്ന്കാട്ടപ്പെടുക തന്നെ വേണം.

ഷെയിനിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിന്തുണയ്ക്കാന്‍ ആര്‍ക്കും തന്നെ കഴിയുകയില്ല. നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുണ്ടായ തര്‍ക്കത്തില്‍ ഷെയിനിനൊപ്പം നിലപാടെടുത്ത നിര്‍മ്മാതാവ് സുബൈറിനോട് താരം സംസാരിച്ച രീതി തന്നെ ധിക്കാരപരമായിരുന്നു. പിന്തുണയ്ക്കുന്നവരെ പോലും അപമാനിക്കുന്ന പ്രവര്‍ത്തിയാണിത്.

ഒരു നിര്‍മ്മാതാവ് ഷെയിനിനെ പോലെയുള്ള രണ്ടാം കിട താരത്തിന് മുന്നില്‍ യാചിക്കുന്നതും കഷ്ടമാണ്. സിനിമയെയും താരങ്ങളെയും സൃഷ്ടിക്കുന്നത് നിര്‍മ്മാതാവും സംവിധായകനുമാണ്. പണമില്ലങ്കില്‍ ഒരു സിനിമാ നിര്‍മ്മാണവും നടക്കുകയില്ല. സംവിധായകനില്ലങ്കില്‍ ചിത്രീകരണവും നടക്കില്ല. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലങ്കിലും ചിത്രീകരണം നടക്കും. കാരണം അവരെ സൃഷ്ടിക്കുന്നത് തന്നെ ഈ രണ്ട് വിഭാഗങ്ങളുമാണ്.

എന്ന് നായകന്‍മാരുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാന്‍ നിര്‍മാതാവ് തുടങ്ങിയോ അന്ന് തുടങ്ങിയതാണ് നല്ല സിനിമകളുടേയും കഷ്ടകാലം. താരങ്ങളുടെ കോള്‍ ഷീറ്റ് ലഭിക്കാന്‍ അവന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നതാണ് ഷെയിനിനെ പോലുള്ളവര്‍ക്ക് ഇപ്പോള്‍ വളമായിരിക്കുന്നത്.

ഇന്ന് നിര്‍മ്മാതാവിനും സംവിധായകനും നിലനില്‍ക്കണമെങ്കില്‍ താരങ്ങള്‍ കനിയണമെന്ന സാഹചര്യമാണുള്ളത്. കഥയ്ക്കും കഥാപാത്രത്തിനും അപ്പുറം സിനിമയുടെ വിപണി ഇവരെ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് ഈ വിട്ടു വീഴ്ച ചെയ്യേണ്ടി വരുന്നത്. സങ്കടകരമായ അവസ്ഥയാണിത്.

കഥയും സഹ നടന്‍മാരും നടികളും തുടങ്ങി സംവിധായകരെ വരെ നായകന്മാര്‍ നിശ്ചയിച്ച് കൊടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പണമിറക്കുന്ന ഒരു നോക്കു കുത്തിയുടെ അവസ്ഥയിലേക്കാണ് പാവം നിര്‍മ്മാതാക്കള്‍ ഇതോടെ തരം താഴുന്നത്. സംവിധായകരാകട്ടെ താര കൃപയാല്‍ കിട്ടിയ അവസരമായതിനാല്‍ ഫ്രയിം വയ്ക്കുന്നത് പോലും പലപ്പോഴും ചില താരങ്ങളുടെ ഇഷ്ടം നോക്കിയാണ്. നായകന്മാര്‍ തിരക്കഥയില്‍ ഇടപെട്ടത് കൊണ്ടു മാത്രം പൊളിഞ്ഞ് പാളീസായ സിനിമകളും മലയാളത്തില്‍ നിരവധിയാണ്. ഈ താരാധിപത്യത്തിന് കൂച്ച് വിലങ്ങിട്ടാല്‍ മാത്രമേ നല്ല സിനിമകളുടെ പിറവിയും ഉണ്ടാകുകയൊള്ളൂ.

ഏതാനും സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തന്നെ ധിക്കാരം തലക്ക് പിടിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ‘ചികിത്സ’അനിവാര്യമാണ്. അല്ലങ്കില്‍ അത് മലയാള സിനിമയുടെ മരണമണിയിലാണ് കലാശിക്കുക. ഇനിയും ഷെയിന്‍ നിഗത്തിനു വേണ്ടി വാദിക്കുന്നവരുണ്ടെങ്കില്‍ ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

Express View

Top