പിന്തുണച്ച് കൂടെ തന്നെ ; ഷെയിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് താരസംഘടന അമ്മ

കൊച്ചി : ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഷെയ്നിന് വിലക്ക് എന്ന തീരുമാനം നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകൂ. ഷെയ്നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വേദിയൊരുക്കുമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ന്‍ പറയും പോലെ പീഡനമൊന്നും നടന്നിട്ടില്ല. ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയതായും ഇടവേള ബാബു പറഞ്ഞു. ഷെയിനിന്‍റെ കുടുംബവുമായി സംസാരിച്ച ശേഷമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം.

ഷെയിന്‍ നിഗത്തിന്റെ അമ്മയാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ലെന്നും ഗണേശ്കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ് എന്നും ഇടവേള ബാബു പറഞ്ഞു. തുടര്‍ന്നുള്ള ചർച്ചകളിൽ മറ്റു സിനിമാ സംഘടനകളെയും ഉൾപ്പെടുത്തുമെന്നും ഇടവേള ബാബു അറിയിച്ചു.

അതേസമയം, സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്‌നിന്റെ അമ്മ പറഞ്ഞു. ഷെയ്‌നിനെതിരെ പരാതി ഉന്നയിച്ച നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ നാളെ മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തും.

Top