ഷെയിന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സിദ്ദിഖ്; സിനിമാതര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു. അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ അമ്മ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.

ആലുവയിലെ നടന്‍ സിദ്ധിഖിന്‍റെ വീട്ടില്‍ വച്ചാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവരുമായി ഷെയ്ന്‍ നിഗം ശനിയാഴ്ച രാത്രി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

ഷെയ്നുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തും. ഷെയ്നെ കണ്ട ശേഷം ഇടവേള ബാബു വെയില്‍ സിനിമയുടെ സംവിധായകന്‍ ശരതുമായി സംസാരിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ എത്രദിവസം കൂടി വേണം എന്നതടക്കമുള്ള വിവരങ്ങള്‍ തേടി. ഇനി 17 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ടാക്കുമെന്ന് ശരത് അറിയിച്ചതായാണ് വിവരം.

Top