ഷാന്‍ബാബു കൊലപാതകം; നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവറായ ബിനു, ലുതീഷ്, സതീഷ്, കിരണ്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. മുഖ്യപ്രതിയായ ജോമോനെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജോമോനും മറ്റു നാലുപേരും ചേര്‍ന്നാണ് ഷാനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.  രണ്ടാം പ്രതിയായ ബിനുവിനെ ഷാനിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു.

പുല്‍ച്ചാടി ലുദീഷിനെ മര്‍ദ്ദിച്ചതിന് പ്രതികാരമായാണ് ഷാനെ തല്ലിക്കൊന്നത്. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഗുണ്ടാ ലഹരി സംഘാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.നിരവധി ഗുണ്ടകള്‍ക്കെതിരെ ജില്ല ഭരണകൂടം റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു.

ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളാന്‍ കാരണം സാമൂഹിക മാധ്യമത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പുല്‍ച്ചാടി ലുദീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.

മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പില്‍ വച്ചാണ് സംഘം ഷാനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മര്‍ദ്ദനം നടന്നു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ചും മര്‍ദിച്ചു.

Top