മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂരപീഡനം, മൂന്നു മണിക്കുറോളം മര്‍ദ്ദനം, കണ്ണില്‍ വിരലുകള്‍കൊണ്ട് കുത്തി

കോട്ടയം: കോട്ടയത്ത് ഗുണ്ടാനേതാവ് കൊലപ്പെടുത്തി പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച യുവാവ് നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബുവിന്റെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ്. എന്നാല്‍ മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തിട്ടുണ്ട്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുവാവിനെ അക്രമിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് ജോമോന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണ കാരണം. കോട്ടയം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഷാന്‍ കൊല്ലപ്പെട്ടത്. ഷാനെ തട്ടികൊണ്ടുപോയ ശേഷം കൊലപ്പെടുത്തി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. സൂര്യന്‍ എന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ വിമലഗിരിയില്‍ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാന്‍ ബാബുവിനെ പ്രതി ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടികൊണ്ടുപോവുകയായിരുന്നു.

Top