വയനാടില്‍ ഭാഗ്യം തുണച്ച് യുഡിഎഫ്; കാസര്‍ഗോഡ് എല്‍ഡിഎഫിനൊപ്പം

തിരുവനന്തപുരം: വയനാട് ജില്ലാപഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫ്. ഷംസാദ്‌ മരക്കാര്‍ നറുക്കെടുപ്പിലൂടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരുമുന്നണികള്‍ക്കും 8-8 എന്ന നിലയില്‍ സീറ്റുകള്‍ കിട്ടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. കാലങ്ങളായി യുഡിഎഫ് ഭരണം നിലനിന്ന ജില്ലയാണ് വയനാട്. അവിടെയാണ് ഇത്തവണ ഇരു മുന്നണികള്‍ക്കും ഒരേ നില വന്നത്.

വോട്ടെടുപ്പില്‍ ഷംസാദിനും എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ സുരേഷ് താളൂരിനും എട്ടു വോട്ടുവീതമാണ് ലഭിച്ചത്. അമ്പലവയല്‍ ഡിവിഷനില്‍നിന്നാണ് സുരേഷ് താളൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ തുടര്‍ന്നാണ് വിധിനിര്‍ണയം നറുക്കെടുപ്പിലെത്തിയത്.

അതേസമയം, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റായി. ഇവിടെ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

കോട്ടയം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അംഗങ്ങള്‍ പ്രസിഡന്റുമാരായി. മലപ്പുറം കുറുവ പഞ്ചായത്തില്‍ യുഡിഎഫിന്റെ നസീറ മോള്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം തെക്കുംഭാഗം പഞ്ചായത്തില്‍ യുഡിഎഫിന്റെ തങ്കച്ചി പ്രഭാകരന്‍ നറുക്കെടുപ്പിലൂടെ വിജയം നേടി.

Top