തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ടാക്‌സി ഡ്രൈവര്‍മാര്‍

കൊല്ലം: തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. വര്‍ക്കല മടവൂര്‍ സ്വദേശി ഷംനയെ (21) ആണ് കണ്ടെത്തിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് ടാക്‌സി ജീവനക്കാരാണ് ഷംനയെ തിരിച്ചറിഞ്ഞ് പൊലീസില്‍ വിവരമറിയിച്ചത്.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍നിന്നാണ് ഇവരെ കാണാതായത്. തീര്‍ത്തും അവശനിലയിലാണ് ഷംനയെ ടാക്‌സി ജീവനക്കാര്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നുവെന്നാണു വിവരം. മെഡിക്കല്‍ പരിശോധന അടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്.

ഭര്‍ത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പമാണു ഷംന ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി ലേബര്‍ റൂമിനു സമീപത്തെ മുറിയിലേക്കു പോയ ഷംന തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു കാണാനില്ലെന്നു മനസ്സിലായത്.

അതേസമയം ഷംന പൂര്‍ണഗര്‍ഭിണി ആയിരുന്നോ എന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നുണ്ട്.

Top