shamna kasim statement

shamna kasim

ലിഭായ് എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷംന കാസിം മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെലുങ്കില്‍ കൈനിറയെ ചിത്രങ്ങളുണ്ട്.

മിഷ്‌കിന്‍ ചിത്രമായ സവരക്കത്തിയിലൂടെ തമിഴിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന. തിരിച്ചുവരവിലെ ഈ ചിത്രത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പല നടിമാരും വേണ്ടെന്നുവച്ച ഈ കഥാപാത്രം അവസാനനിമിഷമാണ് ഷംനയെ തേടിയെത്തിയത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിനിടെ ഷംന വികാരഭരിതയായി. പ്രസംഗത്തിനിടെ പൊട്ടിക്കരയുകയും ചെയ്തു. സിനിമ സ്വപ്നമല്ലായിരുന്നെന്നും നൃത്തമായിരുന്നു മനസ്സിലെന്നും ഷംന പറയുന്നു.

‘തമിഴില്‍ ഭരത്തിനൊപ്പം സിനിമ ചെയ്തു. ഒരുപാട് പ്രശംസകള്‍ കിട്ടി. പക്ഷെ സിനിമ വിജയിച്ചില്ല. പടം ഹിറ്റായാല്‍ മാത്രമേ നായികമാര്‍ക്ക് മുന്നേറാന്‍ കഴിയൂ എന്ന് എനിക്ക് മനസ്സിലായി. കഴിവ് മാത്രം പോര. അതിന് ശേഷവും സിനിമകള്‍ ചെയ്തു. പക്ഷെ ഭാഗ്യമില്ലാതെ പോയി. ഒരു ലക്ക് ഫാക്റ്റര്‍ എനിക്കില്ലായിരുന്നു.’ ഷംന പറയുന്നു.

‘ചിത്രത്തിന് വേണ്ടി തന്നെ പരിഗണിക്കുന്നുവെന്ന് കേട്ടു. എന്നാല്‍ സംവിധായകനെ പോയി കണ്ടപ്പോള്‍ ഈ സിനിമ എനിക്ക് കിട്ടില്ല എന്ന് തന്നെയാണ് കരുതിയത്. എന്നെ മാത്രമല്ല, അവര്‍ ഒരുപാട് പ്രമുഖ നായികമാരെ പരിഗണിച്ചിരുന്നു. ഞാന്‍ അവരുടെ അവസാന ചോയ്‌സ് ആയിരുന്നു. അവിടെയും ഇവിടെയും നടക്കാതെ അവസാനം ആ ഭാഗ്യം എനിക്ക് വന്നു ചേര്‍ന്നു’. ഷംന പറഞ്ഞു.

‘മിഷ്‌കിന്‍ സാര്‍ നിര്‍മ്മിക്കുന്ന സവരക്കത്തി എന്ന ചിത്രത്തിലേക്ക് വിളിച്ച ദിവസം രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്രയും വലിയൊരു സംവിധായകന്റെ സിനിമയിലേക്ക് എന്നെ വിളിച്ചിരിയ്ക്കുന്നു, അതൊരു സ്വപ്‌നം പോലെയായിരുന്നു. ആ അവസരം ലഭിച്ചതിന് ഞാനെന്റെ മാനേജര്‍ വിവേകിന് നന്ദി പറയുന്നു.’ ഷംന പറഞ്ഞു.

താനൊരു നടിയാകണം എന്നാഗ്രഹിച്ചത് അമ്മയാണെന്നും ഷംന പറയുന്നു. സവരക്കത്തിയുടെ ട്രെയിലര്‍ കാണുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. ഒരു മുസ്‌ലിം പെണ്‍കുട്ടിയായ തനിക്ക് ഇത്രയും പിന്തുണ നല്‍കി മുന്നോട്ട് കൊണ്ടുവന്നതിന് അമ്മയോട് ഒരുപാട് നന്ദിയുണ്ടെന്നും ഷംന പറഞ്ഞു.

മിഷ്‌കിന്‍ കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന സവരക്കത്തി ജി.ആര്‍ ആദിത്യയാണ് സംവിധാനം ചെയ്യുന്നത്. റാം, മിസ്‌കിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top