ബ്ലാക്ക്‌മെയില്‍ കേസ്; ഷംന കാസിം കൊച്ചിയില്‍, മൊഴി എടുക്കും

കൊച്ചി: ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഇരയായ നടി ഷംന കാസിം കൊച്ചിയില്‍ എത്തി. ഹൈദരാബാദില്‍ നിന്ന് എത്തിയതിനാല്‍ നടി വീട്ടില്‍ ക്വാറന്റീനില്‍ തുടരും.

അതേസമയം പൊലീസ് വൈകുന്നേരത്തോടെ വീഡിയോ കോള്‍ വഴി മൊഴി എടുക്കുമെന്നാണ് വിവരം.

അതിനിടെ കേസില്‍ മുഖ്യപ്രതിയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണ്. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്.

ഷംന കാസിമിന്റെ കേസില്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.ചില കാര്യങ്ങളില്‍ പരാതിക്കാരിയില്‍ നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംന കാസിമിന്റെ രക്ഷിതാക്കളുടെ മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തും.

സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. എന്നാല്‍ ഇവരിലൊരാള്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഈ സംഭവത്തില്‍ ഇതുവരെ ലൈംഗികാതിക്രമമോ, ബലാത്സംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി

Top