ബ്ലാക്ക്‌മെയിലിംഗ് കേസ്; ഷംനയെ വിളിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. വരന്റെ മാതാവെന്നും സഹോദരിയെന്നും പറഞ്ഞ് ഷംനയെ ഫോണില്‍ വിളിച്ചവരെയാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

കേസിലെ പ്രതികളായ റഫീഖ്, അബൂബക്കര്‍ എന്നിവരുടെ സഹോദരിമാരെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും.

അതിനിടെ, പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയുടെ
ആരോപണം വാസ്തവവിരുദ്ധമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പ്രതികരിച്ചു. അന്വേഷണസംഘം ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഷെരീഫിന്റെ ഭാര്യ പോലീസിനെതിരേ ആരോപണം ഉന്നയിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇവര്‍ കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

Top