ആരുടേയും ഫോൺ നമ്പർ കൈമാറരുത്; പ്രൊഡക്ഷൻ കൺട്രോളർമാരുടെ യൂണിയനോട് ഫെഫ്ക

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയിൽ ചെയ്ത കേസിൽ നിർമാതാവും സംശയത്തിൽ. നിർമാതാവ് ജൂൺ 20ന് വീട്ടിലെത്തി കണ്ടുവെന്നു ഷംന പൊലീസിൽ മൊഴി നൽകി.

ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുകാർ നടിയെ ബന്ധപ്പെട്ടപ്പോൾ ഒരു നിർമ്മാതാവിനേയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്. വീട്ടുകാർ ഇക്കാര്യം നിർമ്മാതാവിനോട് പറഞ്ഞപ്പോൾ കൈയിലുള്ള ഫോൺ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അതിന്റ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

അതിനിടെ നടിമാരുടേതടക്കം ഫോൺ നമ്പർ ആർക്കും കൈമാറരുതെന്നു പ്രൊഡക്ഷൻ കൺട്രോളർമാരുടെ യൂണിയനോടു ഫെഫ്ക നിർദേശിച്ചു. താരസംഘടനയായ അമ്മയുടെ അഭ്യർഥന പ്രകാരമാണു ഫെഫ്കയുടെ നടപടി. വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ഫെഫ്ക മുന്നറിയിപ്പു നല്കി.

വിവാഹത്തട്ടിപ്പുകേസിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണു തട്ടിപ്പുകാർക്കു നമ്പർ കൈമാറിയതെന്ന വെളിപ്പെടുത്തലിനു പിന്നാലെ നടി ഷംന കാസിം ഇക്കാര്യത്തിലുള്ള ആശങ്ക താരസംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും ഫെഫ്കയും നടപടി സ്വീകരിച്ചത്.

അതേസമയം, നടി ഷംന കാസിമിനെ ഭീഷപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചകേസിൽ ഇന്നു കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ട്. മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയെ ഇന്നു ചോദ്യം ചെയ്യും.വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെയും ജൂൺ 20ന് ഷംനയുടെ വീട്ടിലെത്തിയ നിർമാതാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്യും.

Top