തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെ ഗണേഷ് കുമാർ വേട്ടയാടുന്നു: ഷമ്മി തിലകൻ

കൊച്ചി: ‘അമ്മ’യിൽ കലഹം തുടരുന്നു. മുകേഷിനെതിരെയും ഗണേശ് കുമാറിനെതിരെയും രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേശ് കുമാറെന്ന് ഷമ്മി തിലകന്‍ ആരോപിച്ചു. വിനയന്റെ ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം മുകേഷാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു. മുകേഷും ഇന്നസെന്റും എന്നോട് ആ ചിത്രത്തിൽ അഭിനയിക്കേണ്ട, അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞു. അങ്ങിനെയാണ് ഈ സിനിമയില്‍ നിന്ന് പിന്‍മാറിയതെന്നും ഷമ്മി തിലകൻ പറഞ്ഞു.

”ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്‌താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകൻ ചോദിച്ചു. അമ്മ മാഫിയ സംഘമെന്ന് പറഞ്ഞത് ഗണേശ് കുമാർ തന്നെയാണ്. ഞാൻ പെറ്റമ്മയെപ്പോലെയാണ് സംഘടനയെ സമീപിച്ചിട്ടുള്ളത്. ഞാൻ അവിഹിതത്തിലുണ്ടായ മകനാണോ എന്ന് തോന്നുന്നു.അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി. അതെല്ലാമാണ് ഞാൻ ചോദിച്ചത്. ഗണേശ് കുമാര്‍ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണമെന്നും” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

Top