ബ്രിട്ടന്റെ കാരുണ്യത്തിന് കാത്തു നിന്നില്ല; ഐഎസ് വനിതയുടെ കുട്ടി അഭയാർഥി ക്യാമ്പിൽ മരിച്ചു

ഡമാസ്‌ക്കസ്: ഭീകരസംഘടനയായ ഐഎസിൽ ചേരാൻ നാടുവിട്ട ഷമീമയുടെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. സിറിയയിലെ അഭയാർഥി ക്യാമ്പിലെ മോശം അവസ്ഥയിൽ ന്യൂമോണിയ ബാധിച്ചാണ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിൻറെ മരണം.

ഐഎസിൽ ചേരാൻ 15ാം വയസിൽ ലണ്ടൻ വിട്ട ഷമീമ പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരത്തേ സമാനമായ രീതിയിൽ ഇവർക്ക് ജനിച്ച രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു. മൂന്നാമത്തെ കുട്ടിയെയെങ്കിലും സുരക്ഷിതമായി പ്രസവിച്ച് വളർത്താനായാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ഷെമീമ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ ഇവരുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കുകയായിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് യുവതിയുടെ പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമ പോരാട്ടത്തിലാണ് ഷെമീമ.

2015 ൽ ആണ് ഷമീമയും രണ്ട് സുഹൃത്തുക്കളും ഐഎസിൽ ചേരാൻ ലണ്ടൻ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഷമീമ എസ്ഡിഎഫിൻറെ അഭയാർഥി ക്യാമ്പിലെത്തി. ഗർഭിണിയായ ഷമീമ പ്രസവിക്കാൻ ബ്രിട്ടണിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ബ്രിട്ടീഷ് സർക്കാർ ഇവരുടെ പൗരത്വം റദ്ദാക്കി. ഇതോടെ അഭയാർഥി ക്യാമ്പിൽ ഷമീമയ്ക്കു പ്രസവിക്കേണ്ടിവന്നു.

ഡച്ചുകാരനായ ഐഎസ് അംഗം യാഗോ റീഡിക്കാണ് ഷമീമയുടെ ഭർത്താവ്. ഇയാൾ സിറിയയിലെ ജയിലിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. കുട്ടിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ക്യാമ്പിലേക്ക് ഡോക്ടറെ വിളിക്കുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച നടന്നു.

അതേസമയം കുട്ടിയുടെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ ദുഖം രേഖപ്പെടുത്തി. ഏതൊരു കുട്ടിയുടെ മരണവും ദുഖകരമാണ്. കുട്ടിയുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നതായും യുകെ സർക്കാർ അറിയിച്ചു. സിറിയയിലേക്ക് പോകരുതെന്ന് സർക്കാർ നിരന്തരം ഓർമപ്പെടുത്തിയിരുന്നതാണ്. ആളുകളെ ഭീകരപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കാതിരിക്കാനുള്ള നടപടികൾ സർക്കാരിനു തുടർന്നേമതിയാകു എന്നും യുകെ വക്താവ് പറഞ്ഞു.

Top