‘ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു യെദ്യൂരപ്പ’ 144 പ്രഖ്യാപിച്ചതില്‍ ആഞ്ഞടിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: പുരോഗമനവാദിയെന്നു കരുതിയ യെദ്യൂരപ്പ മോദിയുടെ താളത്തിനൊത്തു തുള്ളുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. പൗരത്വനിയമ ഭേഗഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പാക്കിയതിനെതിരെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യ യദ്യൂരപ്പയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

‘ഭരണഘടനാ മൂല്യങ്ങള്‍ക്കുനേരെയുള്ള തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശവും കൂടി നിരോധനാജ്ഞവഴി എടുത്തുകളയാനുള്ള സമയമാണിത്. പുരോഗമനവാദിയെന്നു കരുതിയ യെദ്യൂരപ്പ മോദിയുടെ താളത്തിനൊത്തു തുള്ളുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു യെദ്യൂരപ്പ’ – സിദ്ധരാമയ്യ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.

പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വപട്ടിക എന്നിവയ്‌ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചത് കണക്കിലെടുത്താണ് സംസ്ഥാനത്ത് മൂന്നു ദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ നിരോധനജ്ഞ പ്രഖ്യാപിച്ചത്.

ബെംഗളൂരുവില്‍ പ്രതിഷേധ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവും അറിയിച്ചിരുന്നു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിവരെയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Top