ഹ്യൂമണ്‍ കംപ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍; ചിത്രീകരണം പുരോഗമിക്കുന്നു

ണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് വിദ്യാ ബാലനാണ്. അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലണ്ടനിലെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ റിപ്പോര്‍ട്ട്.

ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ്. ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. അവിടെ വിദ്യാര്‍ഥികളുമായി സംവദിക്കാനും വിദ്യാ ബാലന് അവസരം ലഭിച്ചിരുന്നു.അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം മുംബൈയിലായിരിക്കും.

ദേവിയുടെ മൂന്നാമത്തെ വയസില്‍ അച്ഛനാണ് അവരിലെ പ്രതിഭയെ കണ്ടെത്തിയത്. ഗണിതശാസ്ത്ര അത്ഭുതമായ അവര്‍ കണക്ക്കൂട്ടലിലെ മിന്നല്‍ വേഗത്തിന് ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയാണ്. ആറാം വയസ്സിലാണ് ശകുന്തള ദേവി എന്ന ഗണിതശാസ്ത്ര പ്രതിഭയെ ലോകം തിരിച്ചറിയുന്നത്. മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ അതിവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ച് ശകുന്തള ദേവി കയ്യടി നേടി.

1977ല്‍ 203 അക്കങ്ങള്‍ ഉള്ള സംഖ്യയുടെ 23മത് റൂട്ട് വെറും 50 സെക്കന്റ്‌കൊണ്ട് കണ്ടെത്തിയിട്ടുണ്ട്. 1980 ല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍ ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ രണ്ട് 13 അക്ക സംഖ്യകള്‍ തമ്മിലുള്ള ഗുണനഫലവും നിമിഷങ്ങള്‍ക്കുള്ളില്‍ നല്‍കിയിട്ടുണ്ട്.

ഫണ്‍ വിത്ത് നമ്പേര്‍സ്, അസ്ട്രോളജി ഫോര്‍ യു തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കണക്ക് കൂട്ടലിലെ തന്റെ അത്ഭുതം പ്രദര്‍ശിപ്പിക്കുന്നതിന് പല ലോക പര്യടനങ്ങളും നടത്തിയിട്ടുണ്ട്

ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനെര്‍ജിയായിട്ടാണ് സാന്യ മല്‍ഹോത്ര അഭിനയിക്കുക. വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

Top