‘ശക്തിമാൻ’ വരുന്നത് 300 കോടി ബജറ്റിൽ; സംവിധായകനെയും നായകനെയും ഉടൻ പ്രഖ്യാപിക്കും

തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ശക്തിമാന്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്ന വാർത്തകൾ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍, അഭിനേതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന. ശക്തിമാൻ വൻ ബജറ്റിലൊരുങ്ങുമെന്നാണ് മുകേഷ് ഖന്ന പറയുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ അപ്ഡേറ്റ് പുറത്തുവരുന്നത്. ട്രിലോജിയായിട്ടാകും ശക്തിമാൻ എത്തുക.

200 മുതൽ 300 കോടി വരെയായിരിക്കും ട്രിലോജിയിലെ ഒരു ചിത്രത്തിന്റെ ചിലവ് വരുകയെന്ന് മുകേഷ് ഖന്ന പറ‍ഞ്ഞു. കോവിഡ് മൂലമാണ് ചിത്രം വെെകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിലെ നായകൻ ആരാണെന്നും ആരാകും സംവിധാനം ചെയ്യുകയെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും മുകേഷ് ഖന്ന വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാൻ എന്നും സോണി പിക്ചേർസ് ആയിരിക്കും നിർമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൺവീർ സിങ് ടെെറ്റിൽ റോളിൽ എത്തുമെന്നും ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നുമുള്ള അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു.

Top