ഷാക്കിബിനോട് അതൃപ്തി; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ടീമിന്റെ ഫോട്ടോഷൂട്ടിന് എത്താതിരുന്ന ഷാക്കിബ് അല്‍ ഹസന്റെ പ്രവര്‍ത്തിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടീമിനൊപ്പമുണ്ടായിരുന്നിട്ടും ലോകകപ്പ് സ്‌ക്വാഡിന്റെ ചിത്രം എടുക്കുന്നതിനു തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ ഷാക്കിബിന്റെ ചെയ്തിയില്‍ വിയോജിപ്പ് മറച്ച് വയ്ക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഷാക്കിബിന്റെ അഭാവത്തെക്കുറിച്ച് പത്രലേഖകര്‍ അന്വേഷിച്ചപ്പോഴാണ് ഞാനെന്ത് പറയാനാണ്, തീര്‍ത്തും നിരാശജനകമെന്ന് നസ്മുള്‍ പ്രതികരിച്ചത്.

ഇതൊരു ടീം ഫോട്ടോഗ്രാഫാണ്, ടീമംഗങ്ങളെല്ലാം ഉള്‍ക്കൊള്ളേണ്ട ചിത്രമായിരുന്നു. പരിശീലനത്തിനെത്തിയിരുന്നില്ലെങ്കിലും താരം ഗ്രൗണ്ടിലുണ്ടായിരുന്നു. താരത്തെ നേരത്തെ തന്നെ ഫോട്ടോഷൂട്ടിന്റെ കാര്യം അറിയിച്ചിരുന്നതാണെങ്കിലും അതിനു കാത്ത് നില്‍ക്കാതെ മടങ്ങുകയായിരുന്നു. ധാക്ക സ്റ്റേഡിയത്തില്‍ ടീം മാനേജ്‌മെന്റിനോട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ താരം എത്തിയിരുന്നുവെങ്കിലും ഫോട്ടോഷൂട്ടിനു നില്‍കാതെ താരം മടങ്ങിയത് ബോര്‍ഡ് പ്രസിഡന്റിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ടീം അയര്‍ലണ്ട് പരമ്പരയ്ക്ക് യാത്രയാകുന്നതിനു ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍ താന്‍ അധികം പ്രതികരിക്കാനില്ലെന്ന് നസ്മുള്‍ ഹസന്‍ പ്രതികരിച്ചു.

Top