തെളിവുണ്ടെങ്കില്‍ ജോളി കുറ്റക്കാരി; കൈയൊഴിഞ്ഞ് ഭര്‍ത്താവ് ഷാജു

കോഴിക്കോട്: കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൂട്ടമരണത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോളിയെ കൈയൊഴിഞ്ഞ് ഭര്‍ത്താവ് ഷാജു സ്‌കറിയ. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് ഷാജു പറഞ്ഞു. തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റ് ചെയ്തെന്ന് വിശ്വസിക്കും. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാം. തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഷാജു പറഞ്ഞു.

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലൊന്നും താന്‍ ഇടപെടാറില്ല. അത്തരം കാര്യങ്ങള്‍ ജോളി ഒറ്റക്കാണ് നടത്തിയിരുന്നത്. വക്കീലിനെ കാണാന്‍ ആണെങ്കിലും അവര്‍ അവരുടേതായ രീതിയിലാണ് പോയിരുന്നത്. ചില സമയങ്ങളില്‍ മകന്‍ കൂടെ പോകാറുണ്ട്. സ്വത്ത് കാര്യങ്ങളിലൊന്നും താന്‍ ഇടപെടുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ജോളിക്ക് ജനിതക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞു.

ബന്ധുക്കളുടെ ഉള്‍പ്പെടെ മരണത്തില്‍ സംശയം തോന്നിയിരുന്നു. മറ്റ് ചിലരും മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടിയിരുന്നു. ജോളിയും റോയിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് ജോളിയെ വിവാഹം ചെയ്തതെന്നും ഷാജു പറഞ്ഞു. കൂടത്തായി കൂട്ടമരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഷാജുവിന്റെ പ്രതികരണം.

അതേസമയം, ജോളിയടക്കം മറ്റ് മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജോളിയുടെ ബന്ധു മാത്യൂ ജുവലറി പണിക്കാരന്‍ പ്രജുല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജോളിയും മാത്യൂവും കുറ്റം സമ്മതിച്ചിട്ടുണ്ട്.

കൂടത്തായിയില്‍ ഉദ്യോഗസ്ഥ ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകള്‍ ഇന്നലെ തുറന്ന് പരിശോധിച്ചിരുന്നു. നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഇതിലൂടെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

ജോളിയുടെ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അല്‍ഫോണ്‍സ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

Top