കൊല്ലത്തെ ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

കൊല്ലം : അഞ്ചല്‍ ഏരൂരിനടുത്ത് നടത്തിയ ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് കാണാതായ ഷാജിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. വീടിന് സമീപമുള്ള കോണ്‍ക്രീട്ട് പാളിയ്ക്കടിയില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലം ഭാരതിപുരം സ്വദേശിയായ ഷാജി പീറ്റര്‍ ഒരു മോഷ്ടാവാണ്. സ്ഥിരം പൊലീസിന്റെ നോട്ടപ്പുള്ളി കൂടിയാണ് ഇയാള്‍. രണ്ട് വര്‍ഷം മുന്‍പ് ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി ലഭിച്ചിരുന്നെങ്കിലും നാട് വിട്ടതാകാമെന്നാണ് എല്ലാവരും കരുതിയത്. അമ്മയും സഹോദരന്‍ സജിനും ചേര്‍ന്ന് എല്ലാവരേയും അത് വിശ്വസിപ്പിച്ചെടുത്തു.

എന്നാല്‍ ഇന്നലെ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ മദ്യപിച്ചെത്തിയ ഒരാള്‍ ഷാജിയെ കാണാതായതല്ലെന്നും അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചിട്ടതാണെന്നും വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി ഷാജിയുടെ അമ്മയെയും സജിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോഴാണ് സിനിമയെ വെല്ലുന്ന കഥ പുറം ലോകം അറിയുന്നത്.ഷാജിയുടെ തലയ്ക്കടിച്ച് കൊന്ന ശേഷം വീടിന് സമീപം കുഴിച്ചിടുകയായിരുന്നെന്ന് അമ്മയും സഹോദരന്‍ സജിനും വെളിപ്പെടുത്തിയിരുന്നു. വീടിന് സമീപമുള്ള കിണറിനടുത്ത് മൃതദേഹം മറവ് ചെയ്തെന്നാണ് വെളിപ്പെടുത്തിയത്. പിന്നീട് ഇവിടെ കോണ്‍ക്രീറ്റ് പാളിയും പണിതു. ഇതനുസരിച്ച് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് എല്ലിന്‍ കഷ്ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന.

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ ഷാജിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കിണറിന് സമീപം കുഴിച്ചിടുകയും ചെയ്തു. സജിനും, ഭാര്യയും, അമ്മയും മാത്രം അറിഞ്ഞിരുന്ന രഹസ്യം അടുത്തിടെ ഒരു ബന്ധുവിനോട് പറഞ്ഞു. പിന്നീട് കുടുംബക്കാരുമായി എന്തോ പ്രശ്നമുണ്ടായ ബന്ധു ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.

 

 

Top