ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു

തിരുവനന്തപുരം: സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടിൽ.  ഫോണിൽ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങൾക്ക് നൽകുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായുള്ള ചർച്ചയാണ് വീഡിയോയിലുള്ളത്. അറസ്റ്റിൽ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തിൽ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.

Top