‘ ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണം: നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: ഷെയ്‌നിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ദേശം വച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദ്ദേശം നല്‍കി. എന്നാല്‍

പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളുവെന്നും ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറയുന്നു.

കഴിഞ്ഞ മാസം പത്തൊന്‍പതാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴസ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഷെയ്‌നിന് പ്രൊഡ്യൂസേഴ്‌സ് അസോസിയോഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ മാത്രം തുടര്‍ച്ചര്‍ച്ച മതി എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിയ കത്തിന് ഷെയ്ന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് അന്തിമശാസന നല്‍കാന്‍ പ്രൊഡ്യൂസേഴസ് അസോസിയേഷന്‍ തീരുമാനിച്ചത്. കത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സജീവമാകേണ്ടെ എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം .

Top