മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍; ഷെയിന്‍ വിഷയം തല്‍ക്കാലം ഒത്തുതീര്‍പ്പിലേക്കില്ല!

ഷെയിന്‍ നിഗം വിഷയം ഒത്തുതീര്‍പ്പിലേക്കെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രസ്താവന തള്ളി നിര്‍മാതാക്കള്‍ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബിംഗ് പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗവുമായി ചര്‍ച്ചക്കില്ലെന്നാണ് നിര്‍മാതാക്കളുടെ വാദം.

നേരത്തെ മോഹന്‍ലാല്‍ തന്നെയാണ് നിര്‍ത്തിവെച്ച സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ തയ്യാറാണെന്നും ഉല്ലാസത്തിന്റെ ഡബ്ബിംഗ് ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചത്. ഇന്ന് കൊച്ചിയില്‍ വെച്ച് താര സംഘടനയുമായി ഷെയിന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് താരത്തിന്റെ വിലക്ക് തീരുന്നു എന്ന തരത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്. താരസംഘടന എന്ന നിലയില്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താനും ധാരണയായിരുന്നു.

അതേസമയം, ഒത്തുതീര്‍പ്പിനെക്കുറിച്ച് അറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞതിനെപറ്റി ധാരണയില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

നേരത്തെ ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടു എന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ തെളിവുകള്‍ പുറത്ത്വിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. 45 ലക്ഷം നല്‍കിയാലെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമ ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിര്‍മാതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്.

ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിന്‍ ഉല്ലാസം സിനിമയ്ക്ക് കരാര്‍ നല്‍കിയത്. കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകള്‍ പുറത്തുവിട്ടു. ആവശ്യമെങ്കില്‍ തെളിവായിട്ടുള്ള കരാര്‍ ഒപ്പിട്ട രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്നിന്റെ വാദം തെറ്റാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ടെന്നും നിര്‍മാതാക്കള്‍ കൂട്ടിചേര്‍ത്തു.

Top