ഷെയിനിന്റെ വിലക്ക് അവസാനിച്ചേക്കും? 2 ചിത്രങ്ങളും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കും

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗമിന് സിനിമയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങുന്നതായി സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. ഇന്ന് കൊച്ചിയില്‍ നടന്ന അമ്മയുടെ യോഗത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചു.

അതേസമയം നിര്‍ത്തിവെച്ച വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. ഈ സിനിമകളില്‍ നിന്ന് താര പിന്മാറിയതാണ് പ്രൊഡ്യൂസേഴ്‌സിനെ ചൊടിപ്പിച്ചത്.

എന്നാല്‍ നേരത്തെ പല തവണ അമ്മ താര സംഘടനയും ഫെഫ്കയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഷെയിന്‍ കൂട്ടാക്കിയില്ല. മാത്രമല്ല നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ ക്ഷുഭിതരായ നിര്‍മ്മാതാക്കള്‍ ഷെയിന്‍ മയക്കുമരുന്നിന് അടിമയാണെന്നുകൂടി പറഞ്ഞതോടെ താരവും പ്രൊഡ്യൂസോഴ്‌സ് അസോസിയേഷനും രണ്ടു തട്ടിലായി.

പിന്നീട് ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഈ മാസം 6ന് തീര്‍ക്കണമെന്ന് ഷെയ്‌നിന് നിര്‍മ്മാതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും താരം അത് അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് അമ്മ ഷെയിനുമായി ചര്‍ച്ച നടത്തിയത്. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തി ആയെന്നാണ് പുറത്ത് വരുന്ന വിവരം.

Top