ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ രണ്ടാം പ്രതി ഷെയ്ക്ക് ഹിദായത്തുള്ളയ്ക്ക് ജാമ്യം

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ രണ്ടാം പ്രതി ഷെയ്ക്ക് ഹിദായത്തുള്ളയ്ക്ക് ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. ഐ.എസ്.ബന്ധം ആരോപിച്ച് കോയമ്പത്തൂരില്‍ നിന്നും 2019 ജൂണ്‍ 14ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഐ.എസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്.

2018ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എന്‍.ഐ.എ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് ജാമ്യം അനുവദിച്ചത്. കോടതിക്ക് ലഭ്യമായ രേഖകള്‍ പ്രകാരം രണ്ടാം പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതായി പറയാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

രണ്ടാം പ്രതി നിരോധിത സംഘടനയായ ഐഎസില്‍ അംഗമായതിനോ പിന്തുണച്ചതിനോ ആരെയെങ്കിലും സംഘടനയിലേക്ക് ക്ഷണിച്ചതിനോ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അഭിഭാഷകരായ അഡ്വക്കേറ്റ് വി എസ് സലീം, അഡ്വ.എസ് ഷാനവാസ് എന്നിവരാണ് പ്രതി ഷെയ്ക്ക് ഹിദായത്തുള്ളയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.ശ്രീലങ്കയില്‍ നടന്ന സ്ഫോടനത്തില്‍ മലയാളി യുവാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് കോയമ്പത്തൂര്‍ സ്വദേശി വൈ ഷെയ്ഖ് ഹിദായത്തുള്ള(39) അറസ്റ്റിലായത്.

Top