ഷാരുഖ് ചിത്രം ഡങ്കിയും പ്രഭാസ് ചിത്രം സലാറും നേര്‍ക്കുനേര്‍; സലാര്‍ റിലീസ് പ്രഖ്യാപിച്ചു

ക്രിസ്തുമസിന് ഷാരൂഖ് ഖാനും പ്രഭാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ബിഗ് സ്‌ക്രീനില്‍ കാണാം, ‘ഡങ്കി’യും ‘സലാറും’ ബോക്സ് ഓഫീസില്‍ മുഖാമുഖത്തിന് ഒരുങ്ങുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സെപ്തംബര്‍ 28-നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ വിഎഫ്എക്സ് വര്‍ക്കാണ് ചിത്രം പിന്നീടുള്ള തിയതിയിലേക്ക് മാറ്റാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതുപോലെ ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും.

ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയും 22ന് പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയാണ് ഷാരൂഖ് ചിത്രം ഒരുക്കുന്നത്. നായികയായി എത്തുന്നത് തപ്‌സിയാണ്. വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാന്‍ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്‌നി എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. ജവാന്റെ വിജയ പത്രസമ്മേളനത്തില്‍, 2023 ക്രിസ്മസിന് ഡങ്കി റിലീസ് ചെയ്യുമെന്ന് ഷാരൂഖ് സ്ഥിരീകരിച്ചിരുന്നു. സലാറിന്റെ ഒടിടി റൈറ്റ്‌സ് ഇതിനകം നെറ്റ്ഫ്‌ലിക്‌സ് നേടിയെന്നാണ് റിപ്പോര്‍ട്ട് 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും സലാറിന്റെ പ്രീ റിലീസ് ബിസിനസ് താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്നതാണ്.

കെജിഎഫി’ന്റെ ലെവലില്‍ തന്നെ വമ്പന്‍ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രുതി ഹാസന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്തഗിരി, ഝാന്‍സി, ജെമിനി സുരേഷ് എന്നിവരും അണിനിരക്കുന്നു.

Top