വീണ്ടും പൊലീസിന്റെ നാടകമോ ? സംഘര്‍ഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്തയാള്‍ മുങ്ങി!

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ജാഫ്രാബാദില്‍ ഉണ്ടായ അക്രമത്തിനിടെ വെടിയുതിര്‍ത്ത ഷാരൂഖ് (33) എന്ന യുവാവിനെ കാണാതായതായി പൊലീസ്.

ജാഫ്രാബാദില്‍ അക്രമത്തിനിടെ ചുവന്ന ടി-ഷര്‍ട്ട് ധരിച്ച ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് പിന്നീട് അവകാശപ്പെട്ടിരുന്നു.

ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.

ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍
39പര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഷഹദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) അമിത് ശര്‍മയ്ക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

അതേസമയം, ദേശീയ തലസ്ഥാനത്തെ അക്രമബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രാജ്യതലസ്ഥാനം സാധാരണ സ്ഥിതിയിലേയ്ക്ക് വരികയാണ്.

കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും വ്യാജ വീഡിയോകള്‍, സന്ദേശങ്ങള്‍ അല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുതെന്നും ഡല്‍ഹി പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Top