ഷഹ്നയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ. കടയ്ക്കല്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നവാസിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷഹ്ന വീട്ടിനുള്ളില്‍ ആത്ഹത്യ ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഷെഹ്ന തൂങ്ങിമരിച്ചത്. ഭര്‍തൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. ഇതിന് ശേഷം പ്രതികളായ ഭര്‍ത്താവ് നൗഫലും, അമ്മ സുനിതയും ഒളിവില്‍ പോയിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ കടയ്ക്കലുള്ള ബന്ധവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ കടയ്ക്കല്‍ പൊലീസിന്റെ സഹായം തേടി. മൊബൈല്‍ ലൊക്കേഷനും നല്‍കി. പക്ഷ സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ പൊലീസുകാരന്‍ നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളോട് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംസ്ഥാന വിട്ട പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് ഫോര്‍ട്ട് അസി.കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തിരുവല്ലം ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top