‘കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ ആരും ക്ലാസില്‍ കയറില്ല’; നിദ ഫാത്തിമ

കൊച്ചി ; സുല്‍ത്താന്‍ ബെത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്റെ മരണത്തില്‍ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ ആരും ക്ലാസില്‍ കയറില്ലെന്ന് സഹപാഠി നിദ ഫാത്തിമ. പാമ്പ് കടിച്ചതാണെന്നു പറഞ്ഞിട്ടും
ഷഹലയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ അധ്യാപകന്‍ ഇനി ക്ലാസില്‍ വരരുതെന്നും നിദ വ്യക്തമാക്കുന്നു.

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്ന ലീന എന്ന അധ്യാപികയുടെ ആവശ്യം അധ്യാപകന്‍ കേട്ടില്ല. മാതാപിതാക്കള്‍ വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്. നുണ പറയുന്ന അധ്യാപകരെ തങ്ങള്‍ക്ക് വേണ്ടെന്നും നിദ പറയുന്നു.

അസുഖബാധിതരായ വിദ്യാര്‍ത്ഥികളെ വീട്ടുകാര്‍ എത്തുന്നത് കാത്തുനില്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികളുണ്ടാവണമെന്നും നിദ കൂട്ടിച്ചേര്‍ത്തു. പ്രശ്നത്തിന് പൂര്‍ണമായ പരിഹാരം വേണം. ഒരു കുട്ടിക്ക് തലവേദന വന്നാല്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോവണം. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും നിദ ആവശ്യപ്പെട്ടു.

ഇതിനിടെ സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അധ്യാപകരെയും ഡോക്ടറെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും പ്രതികളാണ്. അധ്യാപകന്‍ ഷാജിലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഡോ ലിസമെറിന്‍ ജോയിയും പ്രതിയാണ്. ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറാണ് ലിസ.

Top