ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ; പോസ്റ്റ്മോര്‍ട്ടം ഇന്ന്

മലപ്പുറം : കോട്ടക്കലില്‍ പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ ശേഷം വിഷം അകത്ത് ചെന്ന് കഴിഞ്ഞ ദിവസം മരിച്ച ഷാഹിറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഫോറന്‍സിക് സര്‍ജ്ജന്മാരുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മര്‍ദ്ദനം കാരണമല്ല ഷാഹിര്‍ മരിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇന്‍ക്വസ്റ്റ് നടപടികളിലും മരണത്തിന് കാരണമാകുന്ന തരത്തിലുള്ള മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്താനായിട്ടില്ല.

വിഷം അകത്ത് ചെന്നാണോ, മര്‍ദ്ദനമേറ്റത് കാരണമാണോ മരണം സംഭവിച്ചത് എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തത വരും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസിന്റെ തുടര്‍ നടപടികള്‍.

അതേസമയം ഷാഹിറിനെ മര്‍ദ്ധിച്ചവരില്‍, ഇന്നലെ തിരിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെയുള്ള 15 പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

Top